03:12am 28 October 2026
NEWS
ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
29/04/2025  07:33 PM IST
nila
 ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകിട്ടാണ്  പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ യുവാവ് കൊല്ലപ്പെട്ടത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

സച്ചിൻ, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയൻ ഐവാരിഷ്, ശ്രീദത്ത, രാഹുൽ, പ്രദീപ്കുമാർ, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോർ എന്നിവരാണ് അറസ്റ്റിലായവർ. ക്രിക്കറ്റ് ടൂർണമെന്റിനിടെ യുവാവ് 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.ആൾക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. 

 നിരന്തരം മർദനമേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് യുവാവിന്റെ മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

പത്ത് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം നൂറിലേറെ പേർ സ്ഥലത്തുണ്ടായിരുന്നു. സച്ചിൻ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കൂട്ടമായ ആക്രമണത്തിൽ കലാശിച്ചു. ചിലർ അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചും പ്രതികൾ യുവാവിനെ ആക്രമിച്ചു. പിന്നീട് വൈകീട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയിൽ കണ്ടതെന്നാണ് പൊലീസ് നൽകുന്നവിവരമെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img